03:20pm 06 August 2026
NEWS
ഓൺലൈൻ ബൈക്ക് ടാക്സികൾക്ക് വീണ്ടും കഷ്ടകാലം;മുന്നൂറോളം ബൈക്കുകൾ പിടിയിൽ
06/08/2026  11:57 AM IST
വിഷ്ണുമംഗലം കുമാർ
ഓൺലൈൻ ബൈക്ക് ടാക്സികൾക്ക് വീണ്ടും കഷ്ടകാലം;മുന്നൂറോളം ബൈക്കുകൾ പിടിയിൽ

ബംഗളുരു:  ഓൺലൈൻ ടാക്സിക്കാറുകൾ, ഓട്ടോ റിക്ഷകൾ എന്നിവ നഗരജീവിതത്തിന്റെ ഭാഗമായിട്ട് വർഷങ്ങൾ പലതായി. യൂബർ, ഒല, റാപ്പിഡ്, നമ്മയാത്രി എന്നീ പ്രമുഖ സ്ഥാപനങ്ങളാണ് ഈ മേഖലയിൽ സർവീസ് നടത്തുന്നത്. സ്വകാര്യ വാഹനങ്ങളെ യാത്രയ്ക്ക് ഉപയോഗിക്കുന്ന യാത്രക്കാരിൽ തൊണ്ണൂറു ശതമാനവും ഓൺലൈൻ വാഹനങ്ങളെയാണ് ആശ്രയിക്കുന്നത്. യാത്രയുടെ ചാർജ്ജ് മുൻകൂട്ടി അറിയാം, യാത്രയുടെ വിവരം ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ ഷെയർ ചെയ്തുകൊടുത്താൽ അവർക്ക് ട്രാക്ക് ചെയ്യാം, ഏതുവാഹനത്തിൽ, എവിടേയ്ക്ക് ഏതു വഴിയാണ് യാത്രചെയ്യുന്നത്, ആരാണ് ഡ്രൈവർ എന്നൊക്കെ സ്ഥാപനത്തിന്റെ ഓഫീസിൽ ഇരിക്കുന്നവർക്കും യാത്ര ചെയ്യുന്ന ആൾക്കും അയാൾ വിവരങ്ങൾ ഷെയർ ചെയ്തുകൊടുക്കുന്നവർക്കും, അതല്ല അയാൾക്ക് മറ്റൊരാളാണ് വാഹനം ബുക്ക്‌ ചെയ്തു കൊടുക്കുന്നതെങ്കിൽ അവർക്കും അറിയാൻ സാധിക്കും. സ്ത്രീകൾക്കും പുതുതായി നഗരത്തിലെത്തുന്നവർക്കും ഏറ്റവും സൗകര്യപ്രദവും സുരക്ഷ ഉറപ്പാക്കുന്നതുമായ ഒരു സംവിധാനമാണിത്.ഡ്രൈവർമാർക്ക് സ്വന്തം വണ്ടികൾ ഏതെങ്കിലും സ്ഥാപനത്തിൽ അറ്റാച്ച് ചെയ്ത് ഓടിക്കാം, വാഹനം സ്വന്തമായി ഇല്ലാത്തവർക്ക് ഡ്രൈവറായി ചേരാം. സ്വന്തം വണ്ടിയുള്ളവർ എല്ലാ സ്ഥാപനങ്ങളുടെയും ആപ്പുകൾ ഡൌൺ ലോഡ് ചെയ്യും. ഇഷ്ടപ്പെട്ട ഓട്ടങ്ങൾ സ്വീകരിക്കും, ഇഷ്ടമില്ലാത്തത് നിരസിക്കും. യാത്രക്കാർക്കെന്നപോലെ ഡ്രൈവർമാർക്കും സൗകര്യപ്രദമായ സംവിധാനമാണിത്. ഇരുപത്തി നാല് മണിക്കൂറും ആപ്പുകൾ ഓണാക്കി യാത്രകൾ പോവുകയും യാത്രകൾ ഇല്ലാത്തപ്പോൾ വാഹനത്തിൽ തന്നെ കിടന്നുറങ്ങുകയോ ചെയ്യുന്ന യുവാക്കളായ ഡ്രൈവർമാർ ധാരാളമുണ്ട്. ഐ ടി അടക്കമുള്ള വൻകിട ചെറുകിട കോർപറേറ്റ് സ്ഥാപനങ്ങൾ ജീവനക്കാരുടെ യാത്രാസൗകര്യത്തിന് ഓൺലൈൻ ടാക്സികളാണ് ഉപയോഗപ്പെടുത്തുന്നത്. നഗരത്തിൽ രണ്ടുലക്ഷത്തോളം കാറുകളും എൺപതിനായിരം മുതൽ ഒരു ലക്ഷം വരെ ഓട്ടോറിക്ഷകളും ഓൺലൈൻ ടാക്സികളായി സർവീസ് നടത്തുന്നുണ്ട്. ഇതിനൊക്കെ പുറമെയാണ് ഓൺലൈൻ ബൈക്ക് ടാക്സികളുടെ വരവ്. കാർ, ഓട്ടോ എന്നിവയെക്കാൾ ബൈക്ക് യാത്രയ്ക്ക് ചെലവ് കുറവാണ്. ഒരു യാത്രക്കാരനേ സഞ്ചരിക്കാനാവൂ എന്നുമാത്രം. ഒരു ലക്ഷത്തിലേറെ ബൈക്ക് ടാക്സികൾ നഗരത്തിൽ സർവീസ് നടത്തുന്നുണ്ട്. റാപ്പിഡ്‌ കമ്പനിയാണ് ഈ രംഗത്ത് ആധിപത്യം ചെലുത്തുന്നത്. കാറുകൾ, ഓട്ടോറിക്ഷകൾ എന്നിവ ഓൺലൈൻ ടാക്സിയായി ഓടിക്കുന്ന ഡ്രൈവർമാർക്ക് ബൈക്ക് ടാക്സികൾ ഭീഷണിയാണ്. അവരുടെ സമ്മർദ്ദം നിമിത്തം സംസ്ഥാന ഗതാഗത വിഭാഗം ഓൺലൈൻ ബൈക്ക് ടാക്സികളെ തടഞ്ഞിരുന്നു. ഹൈക്കോടതി സിംഗിൾ ബെഞ്ചും ആ നിലപാട് ശരിവെച്ചു. എന്നാൽ ഈ വർഷം ജനവരിയിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ബൈക്ക് ടാക്സി നിരോധനം എടുത്തുകളഞ്ഞു. ഗതാഗത വകുപ്പിന്റെ കീഴിൽ ട്രാൻസ്‌പോർട്ട് ക്യാരിയറായി രജിസ്റ്റർ ചെയ്യുന്ന ബൈക്കുകൾ അവയ്ക്ക് രണ്ട് ചക്രങ്ങൾ മാത്രമേ ഉള്ളൂ എന്നതിനാൽ ഓൺലൈൻ ടാക്സികളായി ഓടിക്കുന്നത് തടയാവില്ലെന്നാണ് ബെഞ്ച് നിരീക്ഷിച്ചത്. എന്നാൽ ഗവണ്മെന്റിന് പുതിയ നിയമ നിർമ്മാണത്തിലൂടെ ബൈക്ക് ടാക്സികളെ നിയന്ത്രിക്കാമെന്നു ബെഞ്ച് ആ ഉത്തരവിൽ നിർദ്ദേശിച്ചിരുന്നു. ബൈക്ക് ടാക്സികൾ വീണ്ടും ഓടിത്തുടങ്ങി. വാഹന രജിസ്‌ട്രേഷൻ കേന്ദ്ര ഗവണ്മെന്റിന്റെ കീഴിലായതിനാൽ കർണാടക സംസ്ഥാനത്തിന് പുതിയ നിയമങ്ങൾ കൊണ്ടുവരാനോ ബൈക്ക് ടാക്സികളെ നിയന്ത്രിക്കാനോ കഴിഞ്ഞില്ല. ഹൈക്കോടതി വിധി ചോദ്യം ചെയ്തുകൊണ്ട് സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് കർണാടകം. ഓൺലൈൻ കാർ, ഓട്ടോറിക്ഷ ഡ്രൈവർമാരുടെ സമ്മർദ്ദത്താൽ ഗതാഗത വകുപ്പ് ആർ ടി ഓ മാരുടെ കീഴിൽ പ്രത്യേക സംഘങ്ങൾ രൂപീകരിച്ച് ഇന്നലെ മുതൽ ബൈക്ക് ടാക്സികൾ പിടിച്ചെടുക്കാൻ ആരംഭിച്ചിട്ടുണ്ട്. മുന്നൂറോളം ബൈക്ക് ടാക്സികളാണ് ഇന്നലെ പിടിയിലായത്. ഓൺലൈൻ കാറുകൾ ഓട്ടോറിക്ഷകൾ എന്നിവ ഓടിക്കുന്ന ഡ്രൈവർമാരും ബൈക്ക് ടാക്സി ഓടിക്കുന്നവരും തമ്മിലുള്ള സംഘർഷം ശക്തിപ്പെടുകയാണ്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img